1
അയ്യോ, ജനപൂര്‍ണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളില്‍ മഹതിയായിരുന്നവള്‍ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായകിയായിരുന്നവള്‍ ഊഴിയവേലക്കാരത്തിയായതെങ്ങനെ?
രാത്രിയില്‍ അവള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിള്‍ത്തടങ്ങളില്‍ കണ്ണുനീര്‍ കാണുന്നു; അവളുടെ സകലപ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവള്‍ക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.
കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവള്‍ ജാതികളുടെ ഇടയില്‍ പാര്‍ക്കുംന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളില്‍വെച്ചു അവളെ എത്തിപ്പിടിക്കുന്നു.
ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികള്‍ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു; അവളുടെ കന്യകമാര്‍ ഖേദിക്കുന്നു; അവള്‍ക്കും വ്യസനം പിടിച്ചിരിക്കുന്നു.
അവളുടെ അതിക്രമബാഹുല്യംനിമിത്തം യഹോവ അവള്‍ക്കു സങ്കടം വരുത്തിയതിനാല്‍ അവളുടെ വൈരികള്‍ക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കള്‍ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങള്‍ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
സീയോന്‍ പുത്രിയുടെ മഹത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാര്‍ മേച്ചല്‍ കാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്റെ മുമ്പില്‍ അവര്‍ ശക്തിയില്ലാതെ നടക്കുന്നു.
കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഔര്‍ക്കുംന്നു; സഹായിപ്പാന്‍ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യില്‍ അകപ്പെട്ടപ്പോള്‍, വൈരികള്‍ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
യെരൂശലേം കഠിനപാപം ചെയ്തിരിക്കകൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീര്‍പ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു.
അവളുടെ മലിനത ഉടുപ്പിന്റെ വിളുമ്പില്‍ കാണുന്നു; അവള്‍ ഭാവികാലം ഔര്‍ത്തില്ല; അവള്‍ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്റെ സങ്കടം നോക്കേണമേ.
അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.
അവളുടെ സര്‍വ്വജനവും നെടുവീര്‍പ്പിട്ടുകൊണ്ടു ആഹാരം തിരയുന്നു; വിശപ്പടക്കുവാന്‍ ആഹാരത്തിന്നു വേണ്ടി അവര്‍ തങ്ങളുടെ മനോഹര വസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാന്‍ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.
കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങള്‍ക്കു ഏതുമില്ലയോ? യഹോവ തന്റെ ഉഗ്രകോപദിവസത്തില്‍ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്കു അവന്‍ വരുത്തിയ വ്യസനം പോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിന്‍ !
ഉയരത്തില്‍നിന്നു അവന്‍ എന്റെ അസ്ഥികളില്‍ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവന്‍ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവന്‍ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
എന്റെ അതിക്രമങ്ങളുടെ നുകം അവന്‍ സ്വന്തകയ്യാല്‍ പിണെച്ചിരിക്കുന്നു, അവ എന്റെ കഴുത്തില്‍ പിണെഞ്ഞിരിക്കുന്നു; അവന്‍ എന്റെ ശക്തി ക്ഷയിപ്പിച്ചു; എനിക്കു എതിര്‍ത്തുനില്പാന്‍ കഴിയാത്തവരുടെ കയ്യില്‍ കര്‍ത്താവു എന്നെ ഏല്പിച്ചിരിക്കുന്നു.
എന്റെ നടുവിലെ സകലബലവാന്മാരെയും കര്‍ത്താവു നിരസിച്ചുകളഞ്ഞു; എന്റെ യൌവനക്കാരെ തകര്‍ത്തുകളയേണ്ടതിന്നു അവന്‍ എന്റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കര്‍ത്താവു ചക്കില്‍ ഇട്ടു ചിവിട്ടിക്കളഞ്ഞിരിക്കുന്നു.
ഇതുനിമിത്തം ഞാന്‍ കരയുന്നു; എന്റെ കണ്ണു കണ്ണുനീരൊഴുക്കുന്നു; എന്റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദന്‍ എന്നോടു അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാല്‍ എന്റെ മക്കള്‍ നശിച്ചിരിക്കുന്നു.
സീയോന്‍ കൈ മലര്‍ത്തുന്നു; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവ യാക്കോബിന്നു അവന്റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയില്‍ മലിനയായിരിക്കുന്നു.
യഹോവ നീതിമാന്‍ ; ഞാന്‍ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേള്‍ക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.
ഞാന്‍ എന്റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന്നു ആഹാരം തിരഞ്ഞുനടക്കുമ്പോള്‍ നഗരത്തില്‍ വെച്ചു പ്രാണനെ വിട്ടു.
യഹോവേ, നോക്കേണമേ; ഞാന്‍ വിഷമത്തിലായി എന്റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ കഠിനമായി മത്സരിക്കകൊണ്ടു എന്റെ ഹൃദയം എന്റെ ഉള്ളില്‍ മറിഞ്ഞിരിക്കുന്നു; പുറമേ വാള്‍ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നേ.
ഞാന്‍ നെടുവീര്‍പ്പിടുന്നതു അവര്‍ കേട്ടു; എന്നെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; എന്റെ ശത്രുക്കളൊക്കെയും എന്റെ അനര്‍ത്ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്നു അവരും എന്നെപ്പോലെയാകും.
അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പില്‍ വരട്ടെ; എന്റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്റെ നെടുവിര്‍പ്പു വളരെയല്ലോ; എന്റെ ഹൃദയം രോഗാര്‍ത്തമായിരിക്കുന്നു.
2
അയ്യോ! യഹോവ സീയോന്‍ പുത്രിയെ തന്റെ കോപത്തില്‍ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവന്‍ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയല്‍ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തില്‍ അവന്‍ തന്റെ പാദപീഠത്തെ ഔര്‍ത്തതുമില്ല,
കര്‍ത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചല്‍പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തില്‍ അവന്‍ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവന്‍ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
തന്റെ ഉഗ്രകോപത്തില്‍ അവന്‍ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവന്‍ ശത്രുവിന്‍ മുമ്പില്‍ നിന്നു പിന്‍ വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന്‍ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
ശത്രു എന്നപോലെ അവന്‍ വില്ലു കുലെച്ചു, വൈരി എന്നപോലെ അവന്‍ വലങ്കൈ ഔങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍ പുത്രിയുടെ കൂടാരത്തില്‍ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
കര്‍ത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
അവന്‍ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനില്‍ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
കര്‍ത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവന്‍ ശത്രുവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ ഉത്സവത്തില്‍ എന്നപോലെ യഹോവയുടെ ആലയത്തില്‍ ആരവം ഉണ്ടാക്കി.
യഹോവ സീയോന്‍ പുത്രിയുടെ മതില്‍ നശിപ്പിപ്പാന്‍ നിര്‍ണ്ണയിച്ചു; അവന്‍ അളന്നു നശിപ്പിക്കുന്നതില്‍നിന്നു കൈ പിന്‍ വലിച്ചില്ല; അവന്‍ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
അവളുടെ വാതിലുകള്‍ മണ്ണില്‍ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഔടാമ്പല്‍ അവന്‍ തകര്‍ത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയില്‍ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്‍ക്കും യഹോവയിങ്കല്‍ നിന്നു ദര്‍ശനം ഉണ്ടാകുന്നതുമില്ല.
സീയോന്‍ പുത്രിയുടെ മൂപ്പന്മാര്‍ മിണ്ടാതെ നിലത്തിരിക്കുന്നു; അവര്‍ തലയില്‍ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര്‍ നിലത്തോളം തല താഴ്ത്തുന്നു.
എന്റെ ജനത്തിന്‍ പുത്രിയുടെ നാശം നിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരള്‍ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളില്‍ തളര്‍ന്നുകിടക്കുന്നു.
അവര്‍ നിഹതന്മാരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്‍വ്വില്‍വെച്ചു പ്രാണന്‍ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
യെരൂശലേംപുത്രിയേ, ഞാന്‍ നിന്നോടു എന്തു സാക്ഷീകരിക്കേണ്ടു? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടു? സീയോന്‍ പുത്രിയായ കന്യകേ, ഞാന്‍ നിന്നെ ആശ്വസിപ്പിപ്പാന്‍ എന്തൊന്നു നിന്നോടുപമിക്കേണ്ടു? നിന്റെ മുറിവു സമുദ്രംപോലെ വലുതായിരിക്കുന്നു; ആര്‍ നിനക്കു സൌഖ്യം വരുത്തും?
നിന്റെ പ്രവാചകന്മാര്‍ നിനക്കു ഭോഷത്വവും വ്യാജവും ദര്‍ശിച്ചിരിക്കുന്നു; അവര്‍ നിന്റെ പ്രവാസം മാറ്റുവാന്‍ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്‍ശിച്ചിരിക്കുന്നു.
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കിസൌന്ദര്യപൂര്‍ത്തി എന്നും സര്‍വ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
നിന്റെ ശത്രുക്കളൊക്കെയും നിന്റെ നേരെ വായ്പിളര്‍ക്കുംന്നു; അവര്‍ ചൂളകുത്തി, പല്ലുകടിച്ചുനാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതുതന്നേ, നമുക്കു സാദ്ധ്യമായി നാം കണ്ടു രസിപ്പാന്‍ ഇടയായല്ലോ എന്നു പറയുന്നു.
യഹോവ നിര്‍ണ്ണയിച്ചതു അനുഷ്ടിച്ചിരിക്കുന്നു; പുരാതനകാലത്തു അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന്‍ ഇടിച്ചുകളഞ്ഞു; അവന്‍ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പു ഉയര്‍ത്തിയിരിക്കുന്നു.
അവരുടെ ഹൃദയം കര്‍ത്താവിനോടു നിലവിളിച്ചു; സീയോന്‍ പുത്രിയുടെ മതിലേ, രാവും പകലും ഔലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു.
രാത്രിയില്‍, യാമാരംഭത്തിങ്കല്‍ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃ സന്നിധിയില്‍ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.
യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്നു ഔര്‍ത്തു കടാക്ഷിക്കേണമേ! സ്ത്രീകള്‍ ഗര്‍ഭഫലത്തെ, കയ്യില്‍ താലോലിച്ചു പോരുന്ന കുഞ്ഞുളെ തന്നേ തിന്നേണമോ? കര്‍ത്താവിന്റെ വിശുദ്ധമന്ദിരത്തില്‍ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?
വീഥികളില്‍ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്റെ കന്യകമാരും യൌവനക്കാരും വാള്‍കൊണ്ടു വീണിരിക്കുന്നു; നിന്റെ കോപദിവസത്തില്‍ നീ അവരെ കൊന്നു കരുണകൂടാതെ അറുത്തുകളഞ്ഞു.
ഉത്സവത്തിന്നു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സര്‍വ്വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തില്‍ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാന്‍ കയ്യില്‍ താലോലിച്ചു വളര്‍ത്തിയവരെ എന്റെ ശത്രു മുടിച്ചിരിക്കുന്നു.
3
ഞാന്‍ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
അവന്‍ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
അതേ, അവന്‍ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
എന്റെ മാംസത്തെയും ത്വക്കിനെയും അവന്‍ ജീര്‍ണ്ണമാക്കി, എന്റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നു.
അവന്‍ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
ശാശ്വതമൃതന്മാരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന്‍ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
ഞാന്‍ ക്കുകി നിലവിളിച്ചാലും അവന്‍ എന്റെ പ്രാര്‍ത്ഥന തടുത്തുകളയുന്നു.
വെട്ടുകല്ലുകൊണ്ടു അവന്‍ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
അവന്‍ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനിലക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
അവന്‍ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
അവന്‍ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
അവന്‍ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളില്‍ തറെപ്പിച്ചിരിക്കുന്നു.
ഞാന്‍ എന്റെ സര്‍വ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു.
അവന്‍ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
അവന്‍ കല്ലുകൊണ്ടു എന്റെ പല്ലു തകര്‍ത്തു, എന്നെ വെണ്ണീരില്‍ ഇട്ടുരുട്ടിയിരിക്കുന്നു.
നീ എന്റെ പ്രാണനെ സമാധാനത്തില്‍നിന്നു നീക്കി; ഞാന്‍ സുഖം മറന്നിരിക്കുന്നു.
എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാന്‍ പറഞ്ഞു.
നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്‍ക്കേണമേ.
എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ എപ്പോഴും അവയെ ഔര്‍ത്തു ഉരുകിയിരിക്കുന്നു.
ഇതു ഞാന്‍ ഔര്‍ക്കും; അതുകൊണ്ടു ഞാന്‍ പ്രത്യാശിക്കും.
നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ;
അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
യഹോവ എന്റെ ഔഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാന്‍ അവനില്‍ പ്രത്യാശവെക്കുന്നു.
തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവന്‍ .
യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
അവന്‍ അതു അവന്റെ മേല്‍ വെച്ചിരിക്ക കൊണ്ടു അവന്‍ തനിച്ചു മൌനം ആയിരിക്കട്ടെ.
അവന്‍ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
തന്നെ അടിക്കുന്നവന്നു അവന്‍ കവിള്‍ കാണിക്കട്ടെ; അവന്‍ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
കര്‍ത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
അവന്‍ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
മനസ്സോടെയല്ലല്ലോ അവന്‍ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.
അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.
മനുഷ്യനെ വ്യവഹാരത്തില്‍ തെറ്റിച്ചുകളയുന്നതും കര്‍ത്താവു കാണുകയില്ലയോ?
കര്‍ത്താവു കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
അത്യുന്നതന്റെ വായില്‍നിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
മനുഷ്യന്‍ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്തു? ഔരോരുത്തന്‍ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീര്‍പ്പിടട്ടെ.
നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്‍ത്തുക.
ഞങ്ങള്‍ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടര്‍ന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
ഞങ്ങളുടെ പ്രാര്‍ത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
നീ ഞങ്ങളെ ജാതികളുടെ ഇടയില്‍ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളര്‍ന്നിരിക്കുന്നു.
പേടിയും കണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കു ഭവിച്ചിരിക്കുന്നു.
എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം നീര്‍ത്തോടുകള്‍ എന്റെ കണ്ണില്‍നിന്നൊഴുകുന്നു.
യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിക്കുവോളം
എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
കാരണംകൂടാതെ എന്റെ ശത്രുക്കളായവര്‍ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
അവര്‍ എന്റെ ജീവനെ കുണ്ടറയില്‍ ഇട്ടു നശിപ്പിച്ചു, എന്റെ മേല്‍ കല്ലു എറിഞ്ഞിരിക്കുന്നു.
വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചുപോയി എന്നു ഞാന്‍ പറഞ്ഞു.
യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയില്‍നിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
എന്റെ നെടുവീര്‍പ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്‍ത്ഥന നീ കേട്ടിരിക്കുന്നു.
ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളില്‍ നീ അടുത്തുവന്നുഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
കര്‍ത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
യഹോവേ, ഞാന്‍ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീര്‍ത്തുതരേണമേ.
അവര്‍ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു.
യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കും പകരം ചെയ്യേണമേ;
നീ അവര്‍ക്കും ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവര്‍ക്കും വരട്ടെ.
നീ അവരെ കോപത്തോടെ പിന്തുടര്‍ന്നു, യഹോവയുടെ ആകാശത്തിന്‍ കീഴില്‍നിന്നു നശിപ്പിച്ചുകളയും.
4
അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്‍മ്മല തങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള്‍ സകലവീഥികളുടെയും തലെക്കല്‍ ചൊരിഞ്ഞു കിടക്കുന്നു.
തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
കുറുനരികള്‍പോലും മുലകാണിച്ചു കുട്ടികളെ കുടിപ്പിക്കുന്നു; എന്റെ ജനത്തിന്റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായ്തീര്‍ന്നിരിക്കുന്നു
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ടു അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള്‍ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളില്‍ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്റെ പാപത്തെക്കാള്‍ എന്റെ ജനത്തിന്റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.
അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തിലും നിര്‍മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു; വീഥികളില്‍ അവരെ കണ്ടിട്ടു ആരും അറിയുന്നില്ല; അവരുടെ ത്വക്‍ അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.
വാള്‍കൊണ്ടു മരിക്കുന്നവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്‍; അവര്‍ നിലത്തിലെ അനുഭവമില്ലയാകയാല്‍ ബാധിതരായി ക്ഷീണിച്ചുപോകുന്നു.
കരുണയുള്ള സ്ത്രീകള്‍ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകം ചെയ്തു; അവര്‍ എന്റെ ജനത്തിന്‍ പുത്രിയുടെ നാശത്തിങ്കല്‍ അവര്‍ക്കും ആഹാരമായിരുന്നു.
യഹോവ തന്റെ ക്രോധം നിവര്‍ത്തിച്ചു, തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവന്‍ സീയോനില്‍ തീ കത്തിച്ചുഅതു അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.
വൈരിയും ശത്രുവും യെരൂശലേമിന്റെ വാതിലുകള്‍ക്കകത്തു കടക്കും എന്നു ഭൂരാജാക്കന്മാരും ഭൂവാസികള്‍ ആരും വിശ്വസിച്ചിരുന്നില്ല.
അതിന്റെ നടുവില്‍ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി.
അവര്‍ കുരടന്മാരായി വീഥികളില്‍ ഉഴന്നു രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആര്‍ക്കും തൊട്ടുകൂടാ.
മാറുവിന്‍ ! അശുദ്ധന്‍ ! മാറുവിന്‍ ! മാറുവിന്‍ ! തൊടരുതു! എന്നു അവരോടു വിളിച്ചുപറയും; അവര്‍ ഔടി ഉഴലുമ്പോള്‍അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്നു ജാതികളുടെ ഇടയില്‍ പറയും.
യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന്‍ അവരെ കടാക്ഷിക്കയില്ല; അവര്‍ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.
വ്യര്‍ത്ഥസഹായത്തിന്നായി നോക്കി ഞങ്ങളുടെ കണ്ണു ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവല്‍മാളികയില്‍ കാത്തിരിക്കുന്നു.
ഞങ്ങളുടെ വീഥികളില്‍ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.
ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍; അവര്‍ മലകളില്‍ ഞങ്ങളെ പിന്തുടര്‍ന്നു, മരുഭൂമിയില്‍ ഞങ്ങള്‍ക്കായി പതിയിരുന്നു.
ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന്‍ അവരുടെ കുഴികളില്‍ അപപ്പെട്ടിരിക്കുന്നു; അവന്റെ നിഴലില്‍ നാം ജാതികളുടെ മദ്ധ്യേ ജിവിക്കും എന്നു ഞങ്ങള്‍ വിചാരിച്ചിരുന്നു.
ഊസ് ദേശത്തു പാര്‍ക്കുംന്ന എദോംപുത്രിയേ, സന്തോഷിച്ചു അനന്ദിക്ക; പാനപാത്രം നിന്റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നേ നഗ്നയാക്കും.
സീയോന്‍ പുത്രിയേ, നിന്റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്കു അയക്കയില്ല; എദോംപുത്രിയേ അവന്‍ നിന്റെ അകൃത്യം സന്ദര്‍ശിക്കയും നിന്റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.
5
യഹോവേ, ഞങ്ങള്‍ക്കു എന്തു ഭവിക്കുന്നു എന്നു ഔര്‍ക്കേണമേ; ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.
ഞങ്ങളുടെ അവകാശം അന്യന്മാര്‍ക്കും ഞങ്ങളുടെ വീടുകള്‍ അന്യജാതിക്കാര്‍ക്കും ആയ്പോയിരിക്കുന്നു.
ഞങ്ങള്‍ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാര്‍ വിധവമാരായ്തീര്‍ന്നിരിക്കുന്നു.
ഞങ്ങളുടെ വെള്ളം ഞങ്ങള്‍ വിലെക്കു വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള്‍ വിലകൊടുത്തു മേടിക്കുന്നു.
ഞങ്ങളെ പിന്തുടരുന്നവര്‍ ഞങ്ങളുടെ കഴുത്തില്‍ എത്തിയിരിക്കുന്നു; ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു; ഞങ്ങള്‍ക്കു വിശ്രാമവുമില്ല.
അപ്പം തിന്നു തൃപ്തരാകേണ്ടതിന്നു ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്‍യ്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.
ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്തു ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ചുമക്കുന്നു.
ദാസന്മാര്‍ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിപ്പാന്‍ ആരുമില്ല.
മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.
ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്‍ അടുപ്പുപോലെ കറുത്തിരിക്കുന്നു.
അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.
അവന്‍ സ്വന്തകൈകൊണ്ടു പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.
യൌവനക്കാര്‍ തിരികല്ലു ചുമക്കുന്നു; ബാലന്മാര്‍ വിറകുചുമടുംകൊണ്ടു വീഴുന്നു.
വൃദ്ധന്മാരെ പട്ടണവാതില്‍ക്കലും യൌവനക്കാരെ സംഗീതത്തിന്നും കാണുന്നില്ല.
ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീര്‍ന്നിരിക്കുന്നു.
ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങള്‍ പാപം ചെയ്കകൊണ്ടു ഞങ്ങള്‍ക്കു അയ്യോ കഷ്ടം!
ഇതുകൊണ്ടു ഞങ്ങളുടെ ഹൃദയത്തിന്നു രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണു മങ്ങിയിരിക്കുന്നു.
സീയോന്‍ പര്‍വ്വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
യഹോവേ, നീ ശാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.
നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീര്‍ഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്തു?
യഹോവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങള്‍ക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ;
അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?